രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ ഡിജിയാത്ര സംവിധാനം വരുന്നു
ന്യൂഡൽഹി: രാജ്യത്ത് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉൾപ്പെടെ 14 വിമാനത്താവളങ്ങളിൽ കൂടി ഡിജിയാത്ര സംവിധാനമെത്തുന്നു. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യയാണ് ഡിജിയാത്ര. ഈ മാസം അവസാനത്തോടെ സംവിധാനം അവതരിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഫെയ്സ് ഡിറ്റക്‌ഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിയാത്ര ആപ്പ് ഉപയോഗിച്ച് ക്യൂ നിന്ന് മുഷിയാതെ യാത്ര ആസ്വദിക്കാം.മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനമെത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും വിധത്തിൽ നടപടികൾ പൂർത്തിയാക്കാം. വിവിധ ചെക് പോയിന്റുകളിൽ നിന്ന് തിരിച്ചറിയൽ കാർഡും ടിക്കറ്റും കാണിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് ഒഴിവാക്കാം എന്നതാണ് പ്രധാന പ്രത്യേകത.
തിരുവനന്തപുരം, ബഗ്ദേഗ്ര, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, കോയമ്പത്തൂർ, ദബോലിം, ഇന്ദോർ, മംഗലാപുരം, പട്‌ന, റായ്പുർ, റാഞ്ചി, ശ്രീനഗർ, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡിജിയാത്ര സംവിധാനമെത്തുന്നത്.