കോർപ്പറേഷൻ പരിധിയിൽ പുതുജീവൻ തേടി കുളങ്ങൾ
നേമം : കോർപ്പറേഷൻ പരിധിയിൽ പുതുജീവൻ തേടി കുളങ്ങൾ . നേമം മേഖലയിലെ അഞ്ച് കോർപ്പറേഷൻ വാർഡുകളിലും സമീപത്തെ പള്ളിച്ചൽ, കല്ലിയൂർ പഞ്ചായത്തുകളിലുമായി നിരവധി കുളങ്ങളാണ് പുതുജീവനു വേണ്ടി തേടുന്നത്. നേമം മേഖലയിൽ മാത്രം 25 കുളങ്ങൾ വറ്റിവരണ്ട് മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയാണ്. അടുത്ത മഴക്കാലത്തിനു മുമ്പ് കോർപ്പറേഷൻ പരിധിയിൽ വരുന്ന ഈ ജലസ്രോതസ്സു കുളങ്ങൾ ശുചിയാക്കി വെള്ളം ശേഖരിക്കാൻ കഴിയുന്ന രീതിയിൽ മാറ്റണമെന്നാവശ്യം ശക്തമാകുന്നു.
നേമം ആലത്തറകുളം, നമ്പുവിള കുളം, കാട്ടുകുളം, കൈതകുളം, പറയ്ക്കോട് കുളം, പാറയിൽ കുളം, മേപ്പാലിൽ കുളം, മുല്ലശ്ശേരി അക്കരത്തി കുളം, തെങ്ങുവിള കുളം, കൊറിണ്ടിക്കരി, അരുവാക്കോട് കുളം, മേലാംകോട് പള്ളികുളം, ആമീൻകുളം, പൊന്നുമംഗലത്ത് ജെപി മഠത്തികുളം, നെടുംകുളം, പള്ളികുളം, ചെറുകോട്ടുകുളം, പാപ്പനംകോട് കോണത്തുകുളം, നന്ദൻകോട് കുളം തുടങ്ങി നിരവധി കുളങ്ങൾ വെള്ളമില്ലാതെ വറ്റിവരണ്ട് വർഷങ്ങളായി കാടുപിടിച്ചുകിടക്കുകയാണ്. ഇതിൽ ചില കുളങ്ങൾ സംരക്ഷിക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ എം.എൽ.എ. ഫണ്ടിൽനിന്നു തുക അനുവദിച്ചിട്ടുണ്ട്. കല്ലിയൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും നിരവധി കുളങ്ങളാണ് ഉപയോഗശൂന്യമായി മണ്ണിട്ടു മൂടിയത്.