വഴിയരികില്‍ കിടന്നുറങ്ങിയയാളുടെ തലയിലൂടെ ലോറി കയറി; ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കണ്ണങ്കരയില്‍ വഴിയരികില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തലയിലൂടെ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചിക്കോഴിയുമായി വന്ന ലോറി പിന്നോട്ടെടുത്തപ്പോള്‍ വാഹനം ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറിയി അപകടമുണ്ടായെന്നാണ് സംശയം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പത്തനംതിട്ടയിലെ ഹെയ്‌ഡേ ഹോട്ടലിന് സമീപമാണ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇറച്ചിക്കോഴിയുമായി വന്ന ലോറിയ്ക്കായി അന്വേഷണം തുടരുകയാണ് പൊലീസ്.
മരിച്ചുകിടന്ന നിലയിലാണ് നാട്ടുകാര്‍ ഇയാളെ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടേഴ്‌സ് മരണം സ്ഥിരീകരിക്കുകയായിരുന്നു. തൊഴിലാളി മദ്യലഹരിയില്‍ കിടക്കുകയായിരുന്നുവെന്നും സംശയമുണ്ട്.