അരുണാചലിലെ മലയാളികളുടെ മരണം; ഡോൺബോസ്‌കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് കണ്ടെത്തി പോലീസ്
അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോൺബോസ്‌കോ മെയിൽ ഐഡിക്ക് പിന്നിലാരെന്ന് കണ്ടെത്തി പൊലീസ്. ഡോൺബോസ്‌കോ മെയിൽ ഐഡി ആര്യയുടേതെന്നാണ് കണ്ടെത്തൽ. വിചിത്രവിശ്വാസത്തേക്കുറിച്ച് സംസാരിക്കാനായി തയാറാക്കിയതാണ് ഈ വ്യാജ മെയിൽ ഐ.ഡി. അന്യഗ്രഹ ജീവിതമെന്ന വിചിത്ര വിശ്വാസത്തിന് തുടക്കമിട്ടത് നവീൻ ആണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വൈദികനടക്കം അഞ്ച് സുഹൃത്തുക്കളെ തന്റെ വിചിത്രചിന്തകളുടെ ഭാഗമാക്കാനും നവീൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളിലെത്തി മൂവരും ധ്യാനത്തിൽ പങ്കെടുത്തതായും വിവരം.
മരണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസമാണ് മൂവരുടെയും മരണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും പരസ്പരം വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാൾ സന്തോഷകരമായ ജീവിതമാണോ മറ്റു ഗ്രഹങ്ങളിലേതെന്നു കണ്ടെത്താനാണു ഇവർ ശ്രമിച്ചത്. ആ സംശയം ശരിവെക്കുന്നതാണ് ആത്മഹത്യ കുറിപ്പും.
ആൻഡ്രോമെഡ ഗ്യാലക്‌സിയിലെ മിതി എന്ന സാങ്കൽപ്പിക കഥാപാത്രവുമായി സംസാരിക്കുന്ന പിഡിഎഫ് രേഖകളും യൂട്യൂബ് ലിങ്കുകളും ഇത് ശരി വെക്കുന്നുണ്ട്. മരിച്ചവരുടെ ലാപ്‌ടോപ്പും കംപ്യൂട്ടറും അടക്കമുള്ളവ പരിശോധനയ്ക്കായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജീവനൊടുക്കുന്നതിനു മുൻപ് ഇവർ ഓൺലൈൻ വഴി മാറ്റരെങ്കിലുമായി സംവദിച്ചിട്ടുണ്ടോ എന്നുള്ളതടക്കം പോലീസ് പരിശോധിച്ച് വരികയാണ്.