പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടിയ ശേഷം മുങ്ങി
പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തു. കോഴിക്കോട് നഗരത്തിലെ ഹോട്ടൽ മുറിയിൽ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം സ്വർണവുമായി കടന്നു കളഞ്ഞത്. പരാതിയിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടർ പുനർവിവാഹത്തിന് താല്പര്യമുണ്ടെന്ന് കാണിച്ച് പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാസർഗോഡ് സ്വദേശിയായ യുവതി ഉൾപ്പെടെ അഞ്ചംഗ സംഘം ഫോണിൽ ബന്ധപ്പെട്ടത്. കഴിഞ്ഞദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത ശേഷം വിവാഹ ചടങ്ങുകൾ നടത്തുകയായിരുന്നു.യുവതിയുടെ ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തിയ ചിലരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
നവദമ്പതികൾക്ക് ഒന്നിച്ചു താമസിക്കുവാനായി വാടക വീട് തരപ്പെടുത്തണമെന്ന് പറഞ്ഞു. ഇതിനായി സംഘം 5 ലക്ഷം രൂപ ഡോക്ടറിൽ നിന്നും കൈവശപ്പെടുത്തുകയായിരുന്നു. കൂടാതെ മൊബൈൽ ഫോണും ലാപ്ടോപ്പും അടങ്ങുന്ന ബാഗും കൈക്കലാക്കിയാണ് സംഘം മുങ്ങുന്നത്. ഇതോടെ ഫോൺ സ്വിച്ച് ഓഫ് ആക്കി. ഹോട്ടലിലെ സിസിടിവികൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.