മുരളീധരനെ സുരേഷ് ഗോപി പരാജയപ്പെടുത്തും; പത്മജ വേണുഗോപാൽ

തൃശ്ശൂര്‍: തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശമെന്നും, കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ടെന്നും പത്മജ. മുരളീധരന്‍ ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും തൃശ്ശൂരിൽ ജയിക്കുന്നത് സുരേഷ് ഗോപിയായിരിക്കുമെന്നും പത്മജ ഉറപ്പിച്ചു.
തൃശ്ശൂരിൽ മുരളീധരന് വേണ്ടി പ്രതാപൻ മാറിക്കൊടുത്തതല്ലെന്നും നിയമസഭ ലക്ഷ്യമിട്ട് ഒരു കൊല്ലമായി പ്രവർത്തിക്കുന്നയാളാണ് പ്രതാപനെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുത്ത് കൊണ്ടിരിക്കുകയാണ്, കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കേരളാ സ്റ്റോറി പ്രദർശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് സന്ദേശം നൽകുന്നത് വേണ്ടതാണെന്നും ലൗ ജിഹാദിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പത്മജ വേണുഗോപാൽ വക്തമാക്കി.