അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സ് പി ബി അനിതയെ മെഡിക്കല്‍ കോളജില്‍ നിയമിച്ച് ഉത്തരവ്
ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ച നഴ്‌സ് പി ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ച് ഉത്തരവിറക്കി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ. ഹൈക്കോടതിയുടെ അന്തിമവിധിയ്ക്ക് വിധേയമായാണ് നിയമനം നടത്തിയത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പി ബി അനിതയുടെ നിയമന ഉത്തരവിറങ്ങിയത്. സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും പി ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ വിധിയ്ക്ക് അനുസൃതമായായിരിക്കും സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പിബി അനിത സമരം തുടരുന്നതിനിടെയാണ് പുനര്‍നിയമന ഉത്തരവ് ഇപ്പോൾ വന്നിരിക്കുന്നത്. ഐ.സി യു പീഡനക്കേസിലെ അതിജീവിതയും സമരത്തിന്റെ ഭാഗമായി അനിതയ്ക്കൊപ്പമുണ്ടായിരുന്നു. ജോലിയില്‍ തിരിച്ചെടുക്കാതെ പിന്നോട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു അനിത. അതിജീവിതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേര്‍ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് എന്നായിരുന്നു ഡിഎംഇ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത് ഇതിനെതിരെയാണ് ഹൈക്കോടതി ഇന്ന് അനുകൂല ഉത്തരവ് ഇറക്കിയത്.