തുഷാർ വെള്ളാപ്പള്ളിയുടെ നാമനിർദേശ പത്രിക തയ്യാറാക്കിയത് കോൺഗ്രസ് നേതാവെന്നത് പരസ്പര ധാരണയുടെ തെളിവെന്ന് സ്റ്റീഫൻ ജോർജ്
കോട്ടയം: കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും, അഫിഡവിറ്റും തയ്യാറാക്കുന്നതില്‍ ചുമതല ഏറ്റെടുത്തത് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എ പ്രസാദ് ആയിരുന്നുവെന്നും, ഇത് യുഡിഎഫ് – എന്‍ഡിഎ അന്തര്‍ധാര തെളിവാണിതെന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആരോപിച്ചു.
ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റായി പ്രസാദിനെ ചുമതലപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ പ്രസാദിന് നല്‍കിയ കത്തിന്റെ കോപ്പിയും വാർത്താ സമ്മേളനത്തിൽ സ്റ്റീഫൻ ജോർജ് പുറത്തുവിട്ടു.
നിരവധി നോട്ടറിമാര്‍ ബിജെപി പ്രവര്‍ത്തകരായി ഉണ്ടായിട്ടും അവരുടെയൊന്നും സഹകരണം തേടാതെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനത്തുള്ള വ്യക്തിയെ തന്നെ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി നിയോഗിച്ചത് കോണ്‍ഗ്രസ് ബിജെപി ബന്ധം മറനീക്കി പുറത്തുവന്നതിന്റെ ഉദാഹരണമാണ്.
ഈ തട്ടിപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് ജോർജ്ജിൻ്റെ അപരന്മാക്കൊണ്ട് നോമിനേഷൻ കൊടുപ്പിച്ചത് തങ്ങളല്ല എന്നും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തന്നെ ഉറപ്പായും ജയിച്ചിരിക്കുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. പാർട്ടി സംസ്ഥാന ഹൈപവർ കമ്മിറ്റിഅംഗവും മീഡിയ കോഡിനേറ്ററുമായ വിജി എം. തോമസും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.