ആട് ജീവിതം: വിലക്കുകൾ ഇല്ല ഖത്തറിലും പ്രദർശനം
ദോഹ: ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ആടുജീവിതം ഖത്തറിൽ പ്രദർശനം ആരംഭിച്ചു. ഖത്തറിലെ സിനിമ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ഖത്തറിൽ വിലക്കുണ്ടായേക്കും എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും സെൻസറിങ് നടപടികൾ പൂർത്തിയായതിന് പിന്നാലെ ഖത്തറിലും ചിത്രം പ്രദർശനം ആരംഭിക്കുകയായിരുന്നു.
19 തിയറ്ററുകളിലാണ് ഖത്തറിൽ ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ ആട് ജീവിതം കുതിപ്പ് തുടരുകയാണ്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ചിത്രം കണ്ട് ഇറങ്ങിയ ഓരോ പ്രേക്ഷകനും മലയാളത്തിന്റെ മാസ്റ്റർ പീസ് തന്നെയാണ് ചിത്രം എന്നാണ് വിശേഷിപ്പിക്കുന്നത്. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ട് കൂടി കേരളത്തിൽ നിന്നും ആദ്യദിനം തന്നെ കളക്ഷൻ ഇനത്തിൽ 4.8 കോടി രൂപയാണ് ചിത്രം നേടിയത്.
കർണാടകയിൽ നിന്ന് ആദ്യദിനം ആദ്യമായി ഒരു കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന ബഹുമതിയും ആട് ജീവിതം കരസ്ഥമാക്കിയിരുന്നു.