എസ്‌ഡിപിഐയുടെ പിന്തുണ വേണ്ട, വ്യക്തിപരമായി ആർക്കും വോട്ടുചെയ്യാം: വി.ഡി. സതീശൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായി ആർക്കു വേണമെങ്കിലും വോട്ടു ചെയ്യാം. അത് അവരുടെ സ്വാതന്ത്ര്യമാണ്.എല്ലാംജനങ്ങളും യുഡിഎഫിന് വോട്ടു ചെയ്യണമെന്നാണ് ഞങ്ങളുട ആഗ്രഹം. എന്നാൽ സംഘടനയുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും വാർത്താ സമ്മേളനത്തിൽ വി.ഡി. സതീശൻ പറഞ്ഞു.
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാകയില്ലെത്തിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിമർശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തണമെന്നതിൽ മുഖ്യമന്ത്രിയുടം സ്റ്റഡി ക്ലാസ് വേണ്ടെന്നായിരുന്നു സതീശന്‍റെ മറുപടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതാക വിവാദമുണ്ടാക്കിയത് ബിജെപിയായിരുന്നു. ഇത്തവണയത് മുഖ്യമന്ത്രി ഏറ്റെടുത്തെന്നും സതീശൻ പറഞ്ഞു.
മരപ്പട്ടിയും നീരാളിയുമായി ചിഹ്നം മാറാതിരിക്കാൻ ഇന്ത്യമുന്നണിയിൽ അംഗങ്ങളാവുകയും മറുവശത്ത് ബിജെപിക്ക് ഒപ്പം നിൽക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്‍റേത്. മാസപ്പടി കേസ് ഉൾപ്പെടെയുള്ളവയിൽ നിന്നും രക്ഷപെടാനായി ബിജെപിയെ പേടിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.