വൈക്കത്ത് ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു
വൈക്കം: വൈക്കത്ത് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.വിളക്ക് എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വെച്ച് ഇടഞ്ഞ തോട്ടയ്‌ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒരു മാസം മുമ്പാണ് അരവിന്ദ് കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിക്ക് കയറിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കറ്റ് മാറ്റി.
ആനയുടെ മുൻ കാലിന് സമീപം നിൽക്കുകയായിരുന്ന രണ്ടാം പാപ്പാനെ പൊടുന്നനെ തട്ടിമാറ്റിയ ശേഷം ആന ചവിട്ടുകയായിരുന്നു. ആനപ്പുറത്ത് ഉണ്ടായിരുന്നയാൾ ചാടി രക്ഷപ്പെട്ടു. ക്ഷേത്രത്തിലെ മറ്റൊരു ജീവനക്കാരനും അത്ഭുതകരമായാണ് ആനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് . ഒന്നാം പാപ്പാൻ ഏറെ പണിപ്പെട്ട് ആനയെ നിയന്ത്രിച്ച ശേഷമാണ് സാമിച്ചന്റെ ശരീരം ആനയുടെ കാലിനടിയിൽ നിന്ന് എടുക്കാൻ കഴിഞ്ഞത്.