റിയാസ് മൗലവി കൊലപാതക കേസ്; പ്രോസീക്യൂഷന്റെ വാദം തള്ളി കോടതി, ഹൈക്കോടതിയിലേക്ക് കുടുംബം
കാസർഗോഡ്: റിയാസ് മൗലവി കൊലപാതക കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നു, കേസിൽ തെളിവില്ലെങ്കിൽ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും സഹോദരൻ അബ്ദുൾ റഹ്‌മാൻ. വിചാരണ വേളയിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ഷാജിത്ത് പറഞ്ഞു. കേസിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒത്തുകളിച്ചെന്ന് കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം.
റിയാസ് മൗലവി കൊലപാതക കേസിലെ വിധി തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണ ആയുധമാക്കുകയാണ് പ്രതിപക്ഷമെന്നും ആക്ഷേപം. കോടതിയുടെ വിധിപകർപ്പിലെ പ്രധാന ഭാഗങ്ങൾ സർക്കാർ, ആർഎസ്എസ് കൂട്ടുകെട്ടിനെ സാധൂകരിക്കുന്നത് എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ആരോപണം. കോടതി വിധി അപ്രതീക്ഷീതമെന്നും, അന്വേഷണം തൃപ്തികരമെന്നും റിയാസ് മൗലവിയുടെ സഹോദരൻ വക്തമാക്കി.
നിരവധി തെളിവുകൾ ഹാജരാക്കിയിട്ടും, പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടിച്ചു എന്നും, റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ഷാജിത്ത്.
ജനാധിപത്യവിശ്വാസികളെ ആശങ്കയിലാക്കുന്ന വിധിയെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രതികരണം. അന്വേഷണ സംഘത്തിനെതിരെയുള്ള വിധി പകർപ്പിലെ പ്രധാന ഭാഗങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് യുഡിഎഫ് തീരുമാനം.
റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങൾ തള്ളി വിധി പകർപ്പ്. കേസിന്റെ ആദ്യ ഘട്ടം മുതൽ തന്നെ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന് കോടതിയുടെ കണ്ടെത്തൽ. പ്രതികളുടെ ആർ എസ് എസ് ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി. ഒന്നാം പ്രതിയുടെ വസ്ത്രങ്ങളിൽ കണ്ട രക്ത സാമ്പിളുമായി ഡിഎൻഎ പരിശോധന നടത്തിയില്ലെന്നും കോടതിയുടെ ആരോപണം.
പ്രോസിക്യൂഷൻ വാദങ്ങൾ പാടെ തള്ളുകയായിരുന്നു വിചാരണ കോടതി. തുടക്കം മുതലേ അന്വേഷണ സംഘത്തിനും, പ്രോസിക്യൂഷനും പറ്റിയ വീഴ്ചകൾ ഓരോന്നും വിധി ന്യായത്തിൽ കോടതി എണ്ണിപറയുന്നു. പ്രതികൾക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നിൽ എന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രതികളുടെ ആർഎസ്എസ് ബന്ധം തെളിയിക്കുന്നതിലും വീഴ്ച പറ്റിയെന്ന് കോടതി വക്തമാക്കി.കൃത്യമായ തെളിവുകൾ നൽകിയെങ്കിൽ റിയാസ് മൗലവിയ്ക്ക് എന്ത് കൊണ്ട് നീതി ലഭിച്ചില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
ഒന്നാം പ്രതിയുടെതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന മുണ്ടും ഷർട്ടും പ്രതിയുടെ ഡിഎൻഎ സാംപിളുമായി പരിശോധന നടത്തിയില്ലെന്നും കോടതി. കേസിന്റെ തെളിവെടുപ്പ് സമയത്ത് പോലും വീഴ്ച ഉണ്ടായതായി കോടതി.അതിനാൽ പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതിയുടെ വിധി ന്യായത്തിൽ പറയുന്നു.