കാട്ടുപന്നികൾ വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു: പന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു
പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കുഴല്‍മന്ദത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചത്.
ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീണ വീട്ടമ്മയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും പ്രവേശിപ്പിച്ചു.
വനം വകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രാത്രി നടത്തിയ തെരച്ചിലില്‍ രണ്ട് കാട്ടുപന്നികളെയും വെടിവെച്ചു കൊന്നത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ആദ്യമായാണ് ഒരു മനുഷ്യനെ കാട്ടുപന്നി ആക്രമിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളിൽനിന്നായി ജനങ്ങളുടെ പരാതിയെത്തുടർന്ന് വെടിവെച്ചു കൊന്നത് 572 കാട്ടുപന്നികളെയാണ്. കൃഷിക്കും ജനജീവിതത്തിനും ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്നിട്ടും ശല്യം കുറയുന്നില്ല.
നെന്മാറ ഫോറസ്റ്റ് ഡിവിഷൻ പരിധിയിലെ പഞ്ചായത്തുകളിലായി 2023-24 വർഷത്തിൽ വനംവകുപ്പ് 306 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. നടപ്പുസാമ്പത്തികവർഷം 56 പേരാണ് വന്യമൃഗാക്രമണം മൂലമുള്ള നഷ്ടത്തിന് അപേക്ഷ നൽകിയത്. മലയോരമേഖലയിൽ ഇപ്പോഴും പന്നിശല്യം രൂക്ഷമാണ്. കൊയ്‌ത്ത് പൂർത്തിയാവാത്തതിനാൽ കർഷകർ പടക്കം പൊട്ടിച്ചും ഉറക്കമൊഴിച്ചുമാണ് നെൽക്കൃഷി സംരക്ഷിച്ചുവരുന്നത്. മംഗലംഡാമിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്കിടയിലേക്ക് കാട്ടുപന്നി ഓടിക്കയറിയ സംഭവും ഉണ്ടായി.