കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: 7 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കൊല്ലം: കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ 7 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്.
ബുധനാഴ്ച്ച രാവിലെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ ജി കോളേജില്‍ പ്രചാരണത്തിനെത്തുന്നത്. എന്നാല്‍ കോളേജ് കവാടത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് എബിവിപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ സ്പോര്‍ട് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്ഐ നൽകുന്ന വിശദീകരണം.