പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി:

0

കോഴിക്കോട്: പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കോഴിക്കോട് പയ്യോളിയിലാണ് ദാരുണ സംഭവം. അയനിക്കാട് സ്വദേശിയായ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ് മരണപ്പെട്ടത്.

വീടിന് അടുത്തായി ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു സുമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മക്കളുടെ മൃതദേഹം വീടിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടികൾ മരിച്ചത് ഉള്ളിൽ വിഷം ചെന്നിട്ടാണെന്ന് പ്രാഥമിക നിഗമനം. സുമേഷിന്റെ ഭാര്യ നാല് വർഷം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സുമേഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഈ വിവരം അറിയിക്കാൻ നാട്ടുകാർ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി കിടക്കുകയായിരുന്നു. എന്നാൽ, വീടിനുള്ളിൽ ഫാൻ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഉടൻ സമീപത്തുള്ള സുമേഷിന്റെ സഹോദരന്റെ വീട്ടിലെത്തി ഇവർ വിവരം പറഞ്ഞു. തുടർന്ന് വാതിൽ തുറന്ന് അകത്ത് നോക്കിയപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദേശത്തായിരുന്ന സുമേഷ്, ഭാര്യയുടെ മരണശേഷം നാട്ടിൽ തന്നെ ഉണ്ടായിരുന്നു. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു. ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയായിരുന്നു മകൻ ഗോപിക. അനുജത്തി ജ്യോതിക എട്ടാം ക്ലാസിലുമായിരുന്നു.

സ്ഥലത്ത് പൊലീസെത്തി തുടർനടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *