ആടുജീവിതം: ഇന്ന് തിയേറ്ററുകളിൽ; അഡ്വാൻസ് ബുക്കിങ്ങിൽ പുതുചരിത്രം
മലയാള സിനിമാപ്രേമികള്‍ 2024ൽ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ബ്ലെസ്സിയുടെ ‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു.
റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രേക്ഷകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്. മണിക്കൂറുകൾ കൊണ്ട് വിറ്റുപോയ ടിക്കറ്റുകൾ ആ ആവേശം വ്യക്തമാക്കുന്നുണ്ട്. കേരളത്തിൽ നിന്ന് മാത്രമായി ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് ആടുജീവിതം നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കും ആടുജീവിതത്തിന് ലഭിക്കുന്നത് എന്ന് ഉറപ്പാണ്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. അമല പോളാണ് നായിക. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്), കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.