കപ്പലിടിച്ച് ബാള്‍ട്ടിമോര്‍ പാലം തകര്‍ന്ന അപകടം; മരണം ആറായി

0

വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകർന്ന അപകടത്തിൽ ആറുപേർ മരിച്ചെന്ന് അമേരിക്കൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. അറ്റകുറ്റപ്പണി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചതെന്നാണ് സൂചന. താൽകാലികമായി തെരച്ചിൽ നിർത്തിവച്ചതായും അധികൃതർ അറിയിച്ചു.

കപ്പലിനുണ്ടായ വൈദ്യുതി തടസമാണ് അപകട കാരണമെന്നാണ് ലഭിച്ച പ്രാഥമിക വിവരം. അപകടത്തിന് മുമ്പ് എമർജൻസി കോൾ നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ പ്രാദേശിക സമയം 1.30 ഓടെയാണ് അപകടം നടന്നത്. ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ ചരക്ക് കപ്പലായ ദാലി ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൽ ഇടിച്ച് അപകടപ്പെടുകയായിരുന്നു. പാലത്തിന് മുകളിലൂടെ പോകുന്ന വാഹനങ്ങൾ പടാപ്സ്കോ നദിയിലേക്ക് പതിച്ചു.

തിരച്ചിലിന്‍റെ ദൈര്‍ഘ്യവും ജലത്തിന്‍റെ താപനിലയും കണക്കിലെടുത്താല്‍ കാണാതായ തൊഴിലാളികളെ ജീവനോടെ തിരികെ ലഭിക്കാൻ സാധ്യതയില്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡിന്റെ റിയർ അഡ്മിറൽ ഷാനൻ ഗിൽറെത്ത് വ്യക്തമാക്കി. നിര്‍മാണ സംഘത്തിൽ ഉൾപ്പെടുത്തിരുന്ന രണ്ടു പേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഒരാളെ അടുത്തുള്ള ട്രോമ സെൻ്ററിലേക്ക് കൊണ്ടുപോയി, രണ്ടാമത്തെ വ്യക്തി അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തുറമുഖത്തെ ആശ്രയിച്ച് 15000 തൊഴിലവസരങ്ങള്‍ ഉള്ളതിനാൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർ പാലത്തെ ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട്, ഫെഡറൽ ഗവൺമെൻ്റ് അതിന്റെ പുനർനിർമ്മാണത്തിന് പണം നൽകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി. ബാൾട്ടിമോർ അമേരിക്കയുടെ കിഴക്കൻ കടൽത്തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *