സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ഇന്ന് അടയ്ക്കും
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും മധ്യവേനൽ അവധിക്കാലത്തിനായി ഇന്ന് അടയ്ക്കും. പരീക്ഷകളെല്ലാം അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് സ്കൂളുകൾ അവധിക്കാലത്തിനായി അടയ്ക്കുന്നത്. എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷകളും ഇന്നലെ അവസാനിച്ചിരുന്നു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഒരു പരീക്ഷ മാത്രമാണ് ഇന്ന് നടക്കുന്നത്. 8,55,372 വിദ്യാർത്ഥികളാണ് ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി പരീക്ഷ എഴുതിയത്. 57,107 പേർ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലും പരീക്ഷ എഴുതി. ഏപ്രിൽ മൂന്നു മുതലാണ് പൊതു പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നത്.