താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; 3 കടകള്‍ കത്തി നശിച്ചു

0

കോഴിക്കോട്: താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തിനശിച്ചത്. 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

ശനിയാഴ്ച അർധരാത്രിയോടെയാണ് തീ പടരുന്നത് സമീപത്തെ ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. മുക്കത്ത് നിന്നും രണ്ടു യൂനിറ്റ് ഫയർഫോഴ്‌സ് എത്തി രണ്ടു മണിക്കൂർ നേരത്തെ കഠിന പ്രയത്നത്തിന് ഒടുവിലാണ് തീയണച്ചത്. താമരശ്ശേരി പൊലീസും ഓട്ടോ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പുലർച്ചെ മൂന്നു മണിയോടെയാണ് തീ പൂർണമായും അണച്ചത്.

കാലപ്പഴക്കമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ. മുകളിലെത്തെ നില ഒഴിഞ്ഞുകിടക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. ഏറെനേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *