കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ല: കൺവീനര്‍ സ്ഥാനവും ഒഴിയില്ല
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും കെജ്രിവാൾ രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും അനുവദിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊണ്ടുവരാനാണ് എഎപി ശ്രമം. ഇത് കൂടുതൽ ശക്തമാക്കാൻ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്. കേസിൽ കെ കവിതയും അരവിന്ദ് കെജ്രിവാളും തമ്മിൽ നടന്ന ഡീലിന് ഇഡി തെളിവ് നിരത്തുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം കൊടുത്തു. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയതായി മഗുണ്ട റെഡ്ഡി നൽകിയ മൊഴി ഇഡി കോടതിയിൽ ഹാജരാക്കി. കെജ്രിവാളിന് വേണ്ടി കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാൻഡ് അപേക്ഷയിൽ പരാമർശമുണ്ട്.
കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ദില്ലി ശഹീദി പാർക്കിലെ പരിപാടിയിൽ എഎപി മന്ത്രിമാരും എംഎൽഎമാരും കൗൺസിലർമാരും പങ്കുചേരും. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മാർച്ച് 26ന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡൽ സമരമുറയാകും എ എ പി സ്വീകരിക്കുക. കേസിൽ ഇതിന് മുൻപ് അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ ഇഡി കസ്റ്റഡി ഇന്ന് അവസാനിക്കും.