ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി: ദിവ്യാംഗന് ദാരുണാന്ത്യം
കൊല്ലം: രാത്രി വഴിയരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി അപകടം. കൊല്ലം ജോനകപ്പുറത്താണ് ദാരുണസംഭവം. ദിവ്യാംഗനായ 60-കാരൻ പരശുരാമൻ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ ഗുരുതരമായി തുടരുകയാണ്. കടലോരത്ത് വിവിധ ജോലികൾ ചെയ്തും ഭിക്ഷാടനം നടത്തിയും കഴിഞ്ഞിരുന്നവരാണ് അപകടത്തിൽപ്പെട്ടവർ. തമിഴ്നാട് സ്വദേശികളാണ് ഇവർ.
പരശുരാമന്റെ തലയിലൂടെ ബൈക്ക് പാഞ്ഞുകയറിയാണ് മരണം സംഭവിച്ചത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതി, രാജി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സരസ്വതിക്ക് തലയ്‌ക്ക് പൊട്ടലുണ്ട്. തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു. കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവർ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബൈക്കിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്.