സംസ്ഥാനത്ത് വേനൽ മഴയെത്തി
തിരുവനന്തപുരം: പൊള്ളുന്ന ചൂടിനാശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തി. മധ്യകേരളത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും മലയോര മേഖലകളിലുമാണ് മഴയെത്തിയത്. കാസർഗോഡ്, മലപ്പുറം, തൃശൂർ, പാലക്കാട്, ഇടുക്കി, ജില്ലകളിലും ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചു.
കേരളത്തിലെ വേനല്‍മഴ 5 വര്‍ഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് ഒന്ന് മുതലാണ് വേനല്‍മഴയുടെ തോത് രേഖപ്പെടുത്തിത്തുടങ്ങുക. നിലവിലെ കണക്കുകള്‍ പ്രകാരം ഇതുവരെ സംസ്ഥാനത്താകെ ലഭിച്ചത് 1.8 മില്ലിമീറ്റര്‍ മഴയാണ്. മാര്‍ച്ച് മാസങ്ങളില്‍ 22.8 മില്ലിമീറ്റര്‍ വേനല്‍മഴയാണ് ലഭിക്കാറുളളത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ഇത് കുത്തനെ കുറഞ്ഞു. 2020 മാര്‍ച്ച് ഒന്ന് മുതല്‍ 21 വരെ 23.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 2022ല്‍ ഇത് 21.9 മില്ലിമീറ്ററായി കുറയുകയും തൊട്ടടുത്ത വര്‍ഷം 1.6 മില്ലിമീറ്ററെന്ന തോതിലേക്ക് കുത്തനെ ഇടിയുകയും ചെയ്തു. 2024ല്‍ ഇത് 1.8 മില്ലിമീറ്റര്‍ എന്ന അളവിലുമെത്തി.