തൃശൂരിൽ സിപിഐഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തൃശൂർ: തൃശൂരിൽ പാർട്ടി ഓഫീസിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി എത്തുമെന്ന സന്ദേശം ലഭിക്കുന്നത്.45 മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ച്ചയിൽ സിപിഐഎം നേതാക്കളായ എംഎം വർഗീസ്, എസി മൊയ്തീൻ, പികെ ബിജു, എംകെ കണ്ണൻ എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു.
കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് തൃശൂരിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യൻ എത്തിയത്. ഒരു വർഷത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശനത്തിന് എത്തുന്നത്.കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ സിപിഐഎം നേതാക്കളെ ഇഡി വിളിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. അരവിന്ദ് കെജ്രിവളിന്റെ അറസ്റ്റിന് പിന്നാലെ ഇഡി നീക്കം തൃശൂരിലും ഉണ്ടാകുമെന്ന ആശങ്ക സിപിഐഎം നേതാക്കൾക്കുണ്ട്.എസി മൊയ്തീൻ, എംകെ കണ്ണൻ, എംഎം വർഗീസ് എന്നിവർ അറസ്റ്റിന് തയാറാണെന്നാണ് സിപിഐഎം ഓഫീസകളിൽ നിന്നുള്ള വിവരം. ഇതിനിടെയാണ് നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
തേരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് മുന്നോടിയായുള്ള സന്ദർശനമാണ് മുഖ്യമന്ത്രിയുടേതെന്ന് സിപിഐഎം നേതാക്കൾ പറയുന്നത്. ഇഡി അറസ്റ്റ് ഉണ്ടാകുമെന്ന സൂചന നിൽക്കെയാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. സിപിഐഎം നേതാക്കളുടെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.