വികസിത് ഭാരത് സന്ദേശം നിർത്തിവെക്കാൻ നിർദ്ദേശം നൽകി ഇലക്ഷൻ കമ്മീഷൻ
വാട്സാപ്പിലൂടെ കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്ന വികസിത് ഭാരത് സന്ദേശം നിർത്തിവെക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിലൂടെ കേന്ദ്രസർക്കാറിന്റെ നേട്ടങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. അക്കൗണ്ട് സംബന്ധിച്ച റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നും വകുപ്പ് സെക്രട്ടറി എസ് കൃഷ്ണനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. മാർച്ച് 16ന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് മാതൃകാ പെരുമാറ്റ ചട്ടങ്ങളും നിലവിൽ വന്നിട്ടുണ്ട്. പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ വികസിത് ഭാരത് സന്ദേശം വാട്സ്ആപ്പ് വഴി പ്രചരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു.
മാർച്ച് 18ന് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് വികസിത് ഭാരത് സമ്പർക്ക് എന്ന അക്കൗണ്ടിൽ നിന്ന് നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്. ഈ വിഷയം ചൂണ്ടിക്കാട്ടി അന്നുതന്നെ തൃണമൂൽ കോൺഗ്രസ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകുകയും സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരിൽ സന്ദേശം പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുകയും ചെയ്തിരുന്നു.