ബാങ്കുകൾ ഈസ്റ്റർ ദിനത്തിൽ തുറന്നു പ്രവർത്തിക്കണം; നിർദ്ദേശവുമായി റിസർവ് ബാങ്ക്
ന്യൂഡൽഹി: രാജ്യത്തെ എല്ലാ ബാങ്കുകളും ഈസ്റ്റർ ദിനത്തിൽ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ഇത്തവണത്തെ ഈസ്റ്റർ മാർച്ച് 31 ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്നാണ് റിസർവ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാറിന്റെ നിർദ്ദേശപ്രകാരമാണ് സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം എന്നത് കണക്കിലെടുത്ത് മാർച്ച് 31ന് ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്. ബാങ്കുകൾ 31ന് തുറന്നു പ്രവർത്തിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നും വിവരം ഇടപാടുകാരെ അറിയിക്കണമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ച് 25,26 ദിവസങ്ങളിൽ ഹോളി പ്രമാണിച്ച് ബാങ്കുകൾക്ക് അവധി നൽകിയിട്ടുണ്ട്. ഇതുകൂടാതെ ദുഃഖവെള്ളി ദിനമായ മാർച്ച് 29 നും ബാങ്കുകൾക്ക് അവധിയാണ്. മാർച്ച് 30 ശനിയാഴ്ചയും ബാങ്കുകൾ അടഞ്ഞുകിടക്കും. ഇത്രയും ദിവസത്തെ അവധി ദിനങ്ങൾ കണക്കിലെടുത്താണ് റിസർവ് ബാങ്ക് ബാങ്കുകൾക്ക് ഈസ്റ്റർ ദിനമായ മാർച്ച് 31 ഞായറാഴ്ച തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
എല്ലാ ബാങ്കുകളും (സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസി ബാങ്കുകളും) തുറക്കാനാണ് റിസർവ് ബാങ്ക് നിർദ്ദേശിച്ചിരിക്കുന്നത്. 2023- 24 സാമ്പത്തിക വർഷത്തെ രസീതുകളും പെയ്മെന്റുകളും സംബന്ധിച്ച എല്ലാ സർക്കാർ ഇടപാടുകളും ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കാൻ ആണ് ഇത്തരം പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്ക് ശാഖകളും തുറക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും എങ്കിലും പൊതുജനങ്ങളുടെ ഇടപാടുകൾ പരിമിതമായിരിക്കും.