അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
തകഴി:അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചത് മൂലം അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിലെ ഗതാഗത നിയന്ത്രണം ഇന്നും നാളെ യും തുടരും.തിരുവല്ല, എടത്വ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ തകഴി ക്ഷേത്രം വരെയും ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ തകഴി ആശുപത്രി ജംഗ്ഷന്‍ വരെയുമാണ് സര്‍വീസ് നടത്തുന്നത്.അറ്റകുറ്റ പണികള്‍ക്കായി റെയില്‍വേ ഗേറ്റ് തുടരെ അടക്കുന്നത് മൂലം യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ നവംബറിൽ തുടർച്ചയായി 4 ദിവസമാണ് അടച്ചത്.
റെയില്‍വേ ഗേറ്റ് അടച്ചിട്ട നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് തുറന്നത്.തുടർച്ചയായി ഉണ്ടാകുന്ന ഗതാഗത തടസ്സം ശാശ്വതമായി പരിഹരിക്കാൻ തകഴിയിൽ മേൽപ്പാലം നിർമ്മിക്കുവാൻ ഉള്ള നടപടികൾ വേഗത്തിലാക്കണമെന്ന് തകഴി റെയിൽവെ ക്രോസ് മേൽപ്പാലം സമ്പാദക സമിതി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള , എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ഖജാൻജി ഗോപകുമാർ തട്ടയ്ങ്ങാട്, നിയമ ഉപദേഷ്ടാവ് അഡ്വ.പി.കെ സദാനന്ദന്‍ എന്നിവർ ആവശ്യപ്പെട്ടു,തകഴി റെയിൽവെ ഗേറ്റിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് നിവേദനം നല്കിയിരുന്നു. തകഴിയിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് നിർവഹണ ഏജൻസിയാ യി റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരളയെ(ആർ.ബി.ഡി.സി.കെ) ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തകഴി മേൽപ്പാലം ഉൾപ്പെടെ 34 മേൽപ്പാലം നിർമ്മിക്കുന്നതിന് ഉള്ള പ്രോജക്ട് റിപ്പോർട്ട് തയ്യാ റാക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്ന വിഷയം സർക്കാരിൽ പരിശോധിച്ചുവരികയാണന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഡോ.ജോൺസൺ വി. ഇടിക്കുള രേഖാ മൂലം അറിയിച്ചു.കൂടാതെ തകഴിയിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് 35 കോടി രൂപയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇതിനായി അനുവദിക്കേണ്ടതെന്നും കൂടാതെ സ്ഥലമെടുപ്പിന് മാത്രം 10 കോടി രൂപ വേണ്ടി വരുമെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള( ആർ.ബി.ഡി.സി.കെ )ജനറൽ മാനേജർ അറിയിച്ചു.