എൽഡിഎഫ് പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ സിപി ചന്ദ്രൻനായരെ NSS ഡയറക്ടർ ബോർഡിൽ നിന്നും മാറ്റി
എൽഡിഎഫ് പരിപാടിയിൽ പങ്കെടുത്തതിന് എൻഎസ്എസ് ഭാരവാഹി ബോർഡ് സ്ഥാനത്ത് മാറ്റി. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ സിപി ചന്ദ്രൻനായരെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും മാറ്റിയതായി വിവരം. പാലായിൽ തോമസ് ചാഴികാടന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്തതിനാണ് ചന്ദ്രൻ നായർക്കെതിരെ നടപടിയെടുത്തത്.
തോമസ് ചാഴകാടന്റെ പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ സിപി പങ്കെടുത്തതാണ് എൻഎസ്എസ്സിന്റെ എതിർപ്പിന് കാരണമായത്. മീനച്ചിൽ താലൂക്ക് യൂണിയനിലെ ഒരു വിഭാഗം ഇതിനെതിരെ പ്രതിഷേധം ഉന്നയിച്ചിരുന്നു.തുടർന്ന് എൻ എസ് എസ് നേതൃത്വം സിപി ചന്ദ്രൻനായരെ മീനച്ചിൽ യൂണിയൻ പ്രസിഡന്റ് സ്ഥാനാത്ത് നിന്നും നീക്കുകയായിരുന്നു. ഇതിന് പിന്നാലെ വൈസ് പ്രസിഡന്റിന് ചുമതല നല്കി പുതിയ കമ്മിറ്റിയെയും രൂപീകരിച്ചു.
തുടർന്ന് ഇപ്പോൾ ഇദ്ദേഹത്തെ ഡയർക്ടർ ബോഡിൽ നിന്നും പുറത്താക്കുകയായിരുന്നു.സമദൂരമെന്ന എൻഎസ്എസ് നിലപാടിനെതിരെ പ്രവർത്തിച്ചു എന്നതിന്റെ പേരിലാണ് ചന്ദ്രൻ നായർക്കെതിരെ ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. വിഷയം അടഞ്ഞ അധ്യായമാണെന്നും കൂടുതൽ ചർച്ച ചെയ്യേണ്ടതില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു. സംഭവത്തിൽ എൽഡിഎഫും തോമസ് ചാഴികാടനും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി പാല നഗരസഭയിൽ ചന്ദ്രൻ നായർ ഇടത് സ്വതന്ത്രനായി കൗൺസിലറായി പ്രവർത്തിച്ചു വരികയായിരുന്നു.