ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരേ അക്രമങ്ങൾ വ‌ർധിക്കുന്നു: ലത്തീൻ അതിരൂപത

0

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വ‌ർധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ പള്ളികളിൽ സർക്കുലർ വായിച്ചു. രാജ്യത്തിന്‍റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി 22ന് ഉപവാസ പ്രാർഥനദിനം ആചരിക്കാനും ആഹ്വാനം ചെയ്തു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന തൊട്ടടുത്ത ദിവസം തന്നെയാണ് സര്‍ക്കുലര്‍ വായിക്കുന്നതെന്നതാണ് ശ്രദ്ധേയം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സ്ഥാനാർഥികൾ ദേവാലയങ്ങളടക്കം സന്ദർശിക്കുകയും വൈദികരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നതിനിടെ രാജ്യത്തെ പൊതുവായ ചിത്രം ചൂണ്ടിക്കാട്ടിയുള്ള ലത്തീൻ സഭയുടെ വിമർശനത്തെ ബിജെപിക്കെതിരെ രാഷ്‌ട്രീയ ആയുധമാക്കുകയാണ് ഇടത് -വലത് മുന്നണികൾ.

ഇന്ത്യൻ കത്തോലിക്കാ സഭയുടെ ആഹ്വാന പ്രകാരമാണ് ഇന്നലെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിച്ചത്. മതധ്രുവീകരണം രാജ്യത്തെ സൗഹാർദ അന്തരീക്ഷം തകർത്തു. മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയാണെന്നും സഭ വിമർശനം ഉന്നയിക്കുന്നു.

ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും എതിരെ അക്രമങ്ങൾ പതിവ് സംഭവമായി. 2014ൽ ക്രൈസ്‌തവർക്ക് നേരെ 147 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2023ൽ ഇത് 687 ആയി. ഈ പശ്ചാത്തലത്തിൽ 22ന് അതിരൂപതയിൽ ഉപവാസ പ്രാർഥനാ ദിനം ആചരിക്കാനാണ് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത തോമസ് ജെ. നെറ്റോയുടെ ആഹ്വാനം.

അന്നേദിവസം എല്ലാ ഇടവകകളിലും കുരിശിന്‍റെ വഴിക്കു ശേഷം ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കുകയും എല്ലാ മുതിർന്ന വിശ്വാസികളും ഒരു നേരത്തെ ആഹാരം ഉപേക്ഷിച്ച് ഉപവസിക്കുകയും ചെയ്യണം- സർക്കുലർ നിർദേശിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *