എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് : ടോവിനോ തോമസ്

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുള്ള ചിത്രങ്ങളോ തന്റെ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് ടോവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ’ അംബാസിഡർ ആയതിനാലാണ് ഇതെന്നും താരം വ്യക്തമാക്കി.
എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ. ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ അംബാസിഡർ ആയതിനാൽ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് നിയമ വിരുദ്ധമാണ്.
ആരെങ്കിലും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എല്ലാവർക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’ എന്നാണ് ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ നടനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാണ് വിഎസ് സുനിൽ കുമാർ ടൊവിനോയെ കണ്ടത്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു.