കേരളത്തിൽ 5.74 ലക്ഷം പേർ പുതിയ വോട്ടർമാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെഴുതാന്‍ സംസ്ഥാനത്ത് പോളിംഗ് ബൂത്തിലെത്തുക 2.7 കോടി വോട്ടര്‍മാര്‍. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 നാണ് കേരളത്തിലെ വോട്ടെടുപ്പ്. അന്തിമ വോട്ടർപട്ടിക പ്രകാരം 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 5,74,175 വോട്ടർമാർ പുതുതായി പേര് ചേർത്തവരാണ്. 1,39,96,729 പേർ സ്ത്രീകളാണ്. 1,31,02,288 പുരുഷ വോട്ടർമാരും 309 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടർമാരുമുണ്ട്.
ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറമാണ്. 32,79,172 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. കുറവ് വയനാടാണ് (6,21,880). കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ളതും മലപ്പുറത്താണ്. 16,38,971 പേര്. കൂടുതൽ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുള്ളത് തിരുവനന്തപുരത്താണ്. 60 പേര്. പ്രവാസി വോട്ടർമാർ 88,223 പേരാണ് സംസ്ഥാനത്തുള്ളത്. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പേര് (34,909). സംസ്ഥാനത്ത് 25,177 പോളിങ് സ്റ്റേഷനുകളാണുള്ളത്
അന്തിമവോട്ടർ പട്ടിക സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാണ്. താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും.അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് ഇനിയും അവസരമുണ്ട്. പിന്നീട് കൂട്ടിച്ചേര്‍ത്തവരുടെയും ഒഴിവാക്കിയവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയ അനുബന്ധപട്ടികയും പ്രസിദ്ധീകരിക്കും.