കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ.ഡി
ന്യൂഡൽഹി: ചോദ്യം ചെയ്യലിന് മാർച്ച് 21ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി. ഇത് ഒമ്പതാം തവണയാണ് കേജ്രിവാളിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയക്കുന്നത്.നടപടി നിയമവിധേയമല്ലെന്ന് ചൂണ്ടിക്കാട്ടി മുമ്പ് എട്ട് തവണയും ഇ.ഡിയുടെ സമൻസ് ഡൽഹി മുഖ്യമന്ത്രി അവഗണിച്ചിരുന്നു. മദ്യനയ കേസിൽ സഹകരിക്കുന്നില്ലെന്ന ഇ.ഡിയുടെ പരാതിയിൽ ശനിയാഴ്ച ഡൽഹി കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണിത്.
മദ്യനയ കേസിൽ ഇഡി നൽകിയ സമൻസ് പാലിക്കുന്നില്ലെന്ന ഇ.ഡിയുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രി കെജ്രിവാൾ ഇന്നലെ കോടതിയിൽ നേരിട്ട് ഹാജരാകുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വിഷയം കോടതിയിൽ ആയതിനാൽ ഇ.ഡിയുടെ ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന അന്വേഷണം നടക്കുമെന്ന് എഎപി മന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇ.ഡി. ഇതിൽ തൃപ്തരല്ല, ഇന്ന് മുഖ്യമന്ത്രിക്ക് വീണ്ടും സമൻസ് അയച്ചിരിക്കുകയാണ് ഇഡി.
ഡൽഹിയിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കെജ്രിവാളിനെ മത്സരിപ്പിക്കുന്നതിൽ നിന്ന് തടയാനുള്ള ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തന്ത്രമാണിതെന്നും, മോദിയും ബിജെപിയും കോടതിയെയോ ജനാധിപത്യത്തെയോ നീതിയെയോ കാര്യമാക്കുന്നില്ലെന്നും, അവർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ എങ്ങനെ തടയാമെന്ന് മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും” അതിഷി കൂട്ടിച്ചേർത്തു.