ബളാൽ പാലച്ചുരം തട്ടിലെ കുഴൽ കിണർ തകരാറ് പരിഹരിച്ചു
ബളാൽ: കുടിവെള്ള പദ്ധതിയുടെ പേരിൽ തകരാറിലാക്കിയ കുഴൽ കിണറിന്റെ പ്രവർത്തനം പുന:സ്ഥാപിച്ചു. ബളാൽ പാലച്ചുരം തട്ടിലെ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടാണ് കുഴൽ കിണറിന്റെ കൈപ്പമ്പ് പുന:സ്ഥാപിച്ചത്. പ്രദേശത്തെ അങ്കണവാടിയിലേക്കും മറ്റു കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കാൻ മോട്ടോറും കുടിവെള്ള സംഭരണിയും സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് കുഴൽ കിണറിന്റെ കൈപ്പമ്പ് ഊരി മാറ്റിയത്. പദ്ധതി നടത്തിപ്പിനെത്തിയ കരാറുകാരുടെ ജോലിക്കാരാണ് കുഴൽ കിണറിൽ നിന്നും ഊരി മാറ്റിയ കൈപ്പമ്പ് സ്ഥാപിക്കാതെ സ്ഥലം വിട്ടത്.കുഴൽക്കിണറിൽ ആവശ്യത്തിന് വെള്ളമില്ലെന്ന് പറഞ്ഞാണ് ഇവർ മടങ്ങി പോയത്. എന്നാൽ കൈപ്പമ്പ് പുന:സ്ഥാപിക്കാതെ പോയതോടെ നാട്ടുകാരുടെ കുടിവെള്ളം മുട്ടുകയായിരുന്നു. പത്തു കുടുംബങ്ങൾക്കൊപ്പം അങ്കണവാടിയിലെ കുട്ടികളും ഇതോടെ ദുരിതത്തിലായി.പരാതി വ്യാപകമായി ഉയർന്നതോടെ കഴിഞ്ഞദിവസം കരാറുകാരെത്തി കുഴൽ കിണറിന്റെ കൈപ്പമ്പ് പുനസ്ഥാപിക്കുകയായിരുന്നു.