രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്: അമിത് ഷാ
ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിനെ താൻ പൂർണമായി മാനിക്കുന്നുവെന്നും അത് ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു. ബാക്കി ബോണ്ടുകള്‍ എവിടേക്കാണ് പോയത്..??. തൃണമൂല്‍ കോണ്‍ഗ്രസിന് 1600 കോടിയും കോണ്‍ഗ്രസിന് 1400 കോടിയും ബിആര്‍എസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും കിട്ടി. നേരത്തെ ഏറ്റവും വലിയ കൊള്ളയടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ നടന്നതെന്നും ബിജെപിക്കാണ് ഏറ്റവും ഗുണം ലഭിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രീയ സംഭാവനകള്‍ പണമായാണ് സ്വീകരിച്ചിരുന്നത്. 1,100 രൂപ സംഭാവനയിൽ നിന്ന് 100 രൂപ പാർട്ടിയുടെ പേരിൽ നിക്ഷേപിക്കുകയും 1,000 രൂപ സ്വന്തമായി സൂക്ഷിക്കുകയും ചെയ്യുകയാണ് നേതാക്കൾ ചെയ്യുന്നതെന്ന് കോൺഗ്രസിനെ പരാമർശിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു.