ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

0

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കോഡ് ഗ്രേ പ്രോട്ടോകോൾ സംസ്ഥാനത്ത് യാഥാർത്ഥ്യമായി. രാജ്യത്ത് കോഡ് ഗ്രേ പ്രോട്ടോകോൾ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം എന്ന ബഹുമതിയും ഇതോടെ കേരളത്തിന് സ്വന്തമായി.

ആരോഗ്യമന്ത്രി വീണ ജോർജ് ആണ് കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയത്. സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ വികസിത രാജ്യങ്ങളുടെ പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്ത് കോഡ് ഗ്രേ പ്രോട്ടോകോൾ ആവിഷ്കരിച്ചിരിക്കുന്നത് എന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കോഡ് ഗ്രേ പ്രോട്ടോകോളിന് രൂപം നൽകുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കുകയും നിയമ വിദഗ്ധർ, ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള വിദഗ്ധ ഡോക്ടർമാർ എന്നിവരുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുകയും ചെയ്തിരുന്നു. മന്ത്രി തലത്തിൽ യോഗങ്ങൾ ചേർന്ന് അന്തിമ രൂപം നൽകിയ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിനായി പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും നിർബന്ധമായും കോഡ് ഗ്രേ പ്രോട്ടോകോൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികൾ, ജീവനക്കാർ, രോഗികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകൂട്ടി ചെയ്യേണ്ട പ്രവർത്തനങ്ങൾ, അതിക്രമം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിക്രമങ്ങൾ, റിപ്പോർട്ടിംഗ്, തുടർ പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ് കോഡ് ഗ്രേ പ്രോട്ടോകോൾ.

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി 2012 മുതൽ നിലവിലുള്ള ആശുപത്രി സംരക്ഷണ നിയമത്തിൽ കാതലായ പരിഷ്കാരങ്ങൾ 2023 ൽ ഭേദഗതി വരുത്തുകയും നിയമമാക്കുകയും ചെയ്തതിന് പിന്നാലെയാണ് കോഡ് ഗ്രേ പ്രോട്ടോകോൾ കൂടി ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

ഇത് കൂടാതെ ജീവനക്കാർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും പ്രോട്ടോകോളിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രത്യേക പരിശീലനം സുരക്ഷജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *