സി എ എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ കേരളം ഹർജി നൽകി

ന്യൂ ഡൽഹി: സി എ എ വിജ്ഞാപനം ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്.
സി എ എ വിജ്ഞാപനം ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നും നിയമം പ്രാബല്യത്തിൽ വരുത്തി കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നുമാണ് കേരളം ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ തന്നെ ഭരണഘടനയുടെ അനുഛേദം 131 അനുസരിച്ച് സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതേ ഹർജിയിലാണ് ഇപ്പോൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയും സംസ്ഥാനം നൽകിയിട്ടുള്ളത്.
രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കേരളത്തിന്റെ നിർണായകമായ നീക്കം. നേരത്തെ തന്നെ സി എ എ സംബന്ധിച്ച് അടിയന്തര നിയമനടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനെ സംസ്ഥാന മന്ത്രിസഭ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സുപ്രീംകോടതി മാർച്ച് 19ന് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ചട്ടത്തിനെതിരായ ഹർജികൾ പരിഗണിക്കാനിരിക്കുകയാണ്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരെല്ലാം അപേക്ഷ സമർപ്പിച്ചിരുന്നു. കേസിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ,ഹാരിസ് ബീരാൻ എന്നിവർ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
നിയമം പാസായത് 2019 ൽ ആണെന്നും അന്ന് ഇത് നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരുന്നില്ല എന്നും അതുകൊണ്ടാണ് കോടതി സ്റ്റേ നൽകാതിരുന്നതെന്നും അടിയന്തരമായി ഇടക്കാല അപേക്ഷകൾ പരിഗണിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.