പേപ്പർ ഉൽപാദനം വർധിപ്പിക്കാൻ കെ.പി.പി.എൽ; പൾപ്പ് മരത്തടികൾ 10 വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ വനം വകുപ്പുമായി കരാർ 

0

കോട്ടയം: വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിൻ്റ് ഉൽപാദനം വർധിപ്പിക്കാൻ വെള്ളൂർ കെ.പി.പി.എൽ. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെ.പി.പി.എൽ ന്യൂസ്പ്രിന്‍റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിവര്‍ഷം 2 ലക്ഷം ടൺ വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ 10 വര്‍ഷത്തെ കാലയളവിലേക്ക് ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാർ വനം വകുപ്പും കെ.പി.പി.എല്ലുമായി ഒപ്പുവെക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി.രാജീവ്, വനം മന്ത്രി എ.കെ.ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. വർധിച്ച ആവശ്യം പരിഗണിച്ച് വനാധിഷ്ഠിത അസംസ്കൃത വസ്തുക്കൾ കെ.പി.പി.എല്ലിന് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഉന്നതതല യോഗം ചേര്‍ന്നത്.

കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ എച്ച്.എന്‍.എൽ ഏറ്റെടുത്ത് സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ചതാണ് കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ്. എച്ച്.എൻ.എല്ലിന് നൽകിയിരുന്ന എല്ലാ സൗജന്യങ്ങളും സഹായങ്ങളും കേരള സർക്കാർ സ്ഥാപനമായ കെ.പി.പി.എല്ലിനും വനം വകുപ്പിൽ നിന്നും ലഭ്യമാക്കും. കെ.പി.പി.എല്ലിന്‍റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് ഇതാവശ്യമാണെന്ന് യോഗം വിലയിരുത്തി.

സ്വന്തമായി പൾപ്പ് മരത്തടി ഉല്പ്പാദിപ്പിക്കുന്നതിന് എച്ച്.എന്‍.എല്ലിന് പാട്ട വ്യവസ്ഥയില്‍ അനുമതി നൽകിയിരുന്ന സ്ഥലം, പൾപ്പ് തടിയുടെ ഉല്പ്പാദനത്തിനായി പാട്ട വ്യവസ്ഥയിൽ തന്നെ കെ.പി.പി.എല്ലിന് കൈമാറുവാനും യോഗത്തില്‍ തീരുമാനമായി. 5600 ഹെക്ടർ ഭൂമിയാണ് എച്ച്.എന്‍.എല്ലിന് സ്വന്തമായി പൾപ്പ് മരത്തടികൾ ഉല്‍പാദിപ്പിക്കുന്നതിന് പാട്ടവ്യവസ്ഥയിൽ കൈമാറിയിരുന്നത്. ഇതില്‍ 3050 ഹെക്ടർ ഭൂമിയിലാണ് എച്ച്.എന്‍.എല്‍ പള്‍പ്പ് മരത്തടികളുടെ ഉല്‍പാദനം ആരംഭിച്ചിരുന്നത്.

സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിലും, പൊതു ഇടങ്ങളിലും വച്ചുപിടിപ്പിച്ചിട്ടുള്ള പൾപ്പ് മരത്തടികൾ ശേഖരിക്കുന്നതിന് കെ.പി.പി.എല്ലിന് അനുമതി നല്‍കുവാനും യോഗത്തിൽ തീരുമാനമായി. ഇപ്പോള്‍ ഉപയോഗിക്കുന്ന പൾപ്പ് മരത്തടികൾ കൂടാതെ ഇതര സ്പീഷീസിലുള്ള തടികളും, പൾപ്പ് ആക്കി മാറ്റാവുന്ന ഇതര വസ്തുക്കളും ഉപയോഗിക്കുന്നതിന്‍റെ സാധ്യതയും, സാങ്കേതികതയും പരിശോധിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. നിലവിലുള്ള ന്യൂസ്പ്രിന്‍റ് ഉല്പ്പാദനത്തിനു പുറമെ മൂല്യവര്‍ദ്ധിത പേപ്പർ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ ഉല്പ്പാദനം കൂട്ടുന്നതിനുവേണ്ടി കെ.പി.പി.എൽ വൈവിധ്യവല്‍ക്കരണ പദ്ധതികളും നടപ്പാക്കും. യോഗ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിൽ വനം-വ്യവസായ സെക്രട്ടറിമാരെ ചുമതലപ്പെടുത്തും.ചീഫ് സെക്രട്ടറി ഡോ. വി. വേണു, വനം, വ്യവസായ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *