കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പൗരന്മാർക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി, 370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കം 10 വർഷക്കാലത്തെ തന്റെ ഭരണനേട്ടങ്ങൾ എണ്ണിയണ്ണി പറഞ്ഞാണ് പ്രധാനമന്ത്രിയുടെ കത്ത്. ‘എന്റെ പ്രിയപ്പെട്ട കുടുംബാഗങ്ങളെ’ എന്ന് അഭിസംബോധന ചെയ്താണ് കത്തിന്റെ തുടക്കം.
നമ്മുടെ പങ്കാളിത്തം ഒരു ദശാബ്ദം പൂർത്തിയാക്കുന്നതിൻ്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. രാജ്യത്തെ 140 കോടി വരുന്ന ജനങ്ങളുടെ പിന്തുണയും വിശ്വാസവുമാണ് തനിക്ക് പ്രചോദനമായത് എന്നും പ്രധാനമന്ത്രി കത്തിന്റെ ആമുഖത്തിൽ പറയുന്നു. ഒരു വികസിത് ഭാരതം എന്ന ദൃഢനിശ്ചയം നിറവേറ്റാൻ സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങളും അദ്ദേഹം തേടിയിട്ടുണ്ട്.
സാധാരണക്കാർക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന പിഎം ആവാസ് യോജന, ആയുഷ്മാൻ ഭാരത് വഴിയുള്ള സൗജന്യ ചികിത്സ,വൈദ്യുതി, വെള്ളം, എൽപിജി ലഭ്യത, സ്ത്രീകൾക്ക് സഹായം ലഭിക്കുന്ന മാതൃ വന്ദന യോജന,കർഷകർക്കായുള്ള സാമ്പത്തിക സഹായം എന്നിങ്ങനെ പ്രധാനമന്ത്രിയുടെ കീഴിലുള്ള കേന്ദ്ര പദ്ധതികളുടെ പേരെടുത്ത് പറയുന്നണ്ട്കത്തിൽ.എന്നിൽ നിങ്ങൾ അർപിച്ചിരിക്കുന്ന വിശ്വാസത്തിനാലാണ് ഇതൊക്കെയും സാധ്യമാകുന്നതെന്നും കത്തിൽ പ്രധാനമന്ത്രി വിശദീകരിക്കുന്നു.
പാരമ്പര്യത്തിലും ആധുനികതയിലും ഊന്നൽ നൽകിയാണ് ഇന്ത്യ മുന്നേറുന്നതെന്നും പ്രധാനമന്ത്രി ഊന്നിപ്പറയുന്നു. വരും തലമുറയ്ക്കായി അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂർവമായ നിർമ്മാണവും നമ്മുടെ സമ്പന്നമായ ദേശീയ സാംസ്കാരിക പൈതൃകത്തിൻ്റെ പുനരുജ്ജീവനവും രാജ്യം കണ്ടതായും അദ്ദേഹം കുറിക്കുന്നു.
ജിഎസ്ടി നടപ്പാക്കൽ, കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, പാർലമെൻ്റിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് നാരി ശക്തി വന്ദൻ നിയമം,മുത്തലാഖ് നിരോധനം തുടങ്ങി ചരിത്രപരവും സുപ്രധാനവുമായ നിരവധി തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കാനാകുമെന്നത് നിങ്ങളുടെ വിശ്വാസത്തിൻ്റെയും പിന്തുണയുടെയും അളവുകോലാണെന്നും പ്രധാനമന്ത്രി പറയുന്നു. ഒരു പുതിയ പാർലമെൻ്റ് കെട്ടിടവും തീവ്രവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരായ ശക്തമായ നടപടികളേയും അദ്ദേഹം കത്തിൽ പരാമർശിക്കുന്നുണ്ട്.