വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടി ‘മുരുപ്പന്ത്’
അറ്റ്ലാന്റിക് സമുദ്രോപരിതലത്തിലെ പാതി മുങ്ങിയ പന്തും വെള്ളത്തിനടിയിലെ മറുപാതിയിൽ പറ്റിപ്പിടിച്ച മുരുവും. ഒരേ വസ്തുവിലെ രണ്ട് വ്യത്യസ്ത പുറങ്ങളിൽ രണ്ട് വ്യത്യസ്ത മുഖങ്ങൾ. പല വിധ അർഥങ്ങളും വ്യത്യസ്തതകളും ഉള്ള ഈ ചിത്രത്തിനാണ് ഇത്തവണത്തെ ബ്രിട്ടീഷ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് അർഹത നേടിയിരിക്കുന്നത്. റയാൻ സ്റ്റാക്കറാണ് ചിത്രമെടുത്തത്.
ബ്രിട്ടീഷ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ 12-ാമത്തെ എഡിഷനാണ് 2024 ലേത്. ബ്രിട്ടന്റെ വനപ്രദേശങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും മറ്റ് ആവാസവ്യവസ്ഥകളുടെയും സൗന്ദര്യം പ്രകടമാക്കുന്നതാണ് ഇത്തവണത്തെ അവാർഡ് ലഭിച്ച ഫോട്ടോകൾ. 14000 ത്തിലധികം എൻട്രികളാണ് ഇത്തവണ ലഭിച്ചത്.
മുരുക്കൾ ബ്രിട്ടനിൽ പൊതുവെ കാണപ്പെടുന്ന ജീവജാലമല്ല. എങ്ങനെയോ കാറ്റിലോ മഴയിലോ പെട്ട് പന്തിൽ പറ്റിപ്പിടിച്ച് ഇവിടെ എത്തിച്ചേർന്നതായിരിക്കുമെന്നാണ് ഫോട്ടോയെടുത്ത റയാൻ സ്റ്റാക്കർ പറയുന്നത്. “കടലിലുണ്ടാവേണ്ട ഒന്നല്ല പന്ത്, അത് മാലിന്യമാണ്”. ഇത്തരം മാലിന്യം അധിനിവേശ ജീവികളെ പ്രോത്സാഹിപ്പിക്കുമെന്നും അത് തദ്ദേശീയ ജീവജാലങ്ങൾക്ക് ഭീഷണിയാണെന്നുമുള്ള സന്ദേശം കൂടിയാണ് ഈ പടം നൽകുന്നത്, റയാൻ വക്തമാക്കി.