സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പും കോളേജിൽ റാഗിംഗ്; 13 വിദ്യാർത്ഥികൾക്കെതിരെ നടപടി
വയനാട്: സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റു പല വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടതായുള്ള കണ്ടെത്തലിൽ നടപടിയുമായി പൂക്കോട് വെറ്റിനറി കോളേജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആൻ്റി റാഗിങ് സ്ക്വാഡ് സസ്പെൻഷന്‍ ഉൾപ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആൾക്കൂട്ട വിചാരണ നടന്ന കാര്യം പുറത്തറിഞ്ഞത്.
സിദ്ധാർത്ഥന് ഉണ്ടായ ആൾക്കൂട്ട വിചാരണയും സമാനതകളില്ലാത്ത ക്രൂരതയും ഒറ്റപ്പെട്ട സംഭവമല്ല. 2019, 2021 ബാച്ചുകളിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾക്കും ആൾക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആൻ്റി റാഗിങ് സ്ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണം നടത്തിയ ശേഷം പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തു. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു ഈ രണ്ട് ആൾക്കൂട്ട വിചാരണയും നടന്നത്. പ്രതിസ്ഥാനത്ത് എസ്എഫ്ഐ കോളേജ് യൂണിയൻ മുൻ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരാണ് . 2019 ബാച്ചിലെ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചവർ പഠനം പൂർത്തിയാക്കി ഇപ്പോൾ ഇൻ്റേൺഷിപ്പിലാണ്. ഇവരിൽ നാല് പേർക്ക് ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് വിലക്ക് ഏർപ്പെടുത്തി. അഞ്ചുപേരുടെ സ്കോളർഷിപ്പ് റദ്ദാക്കിയും നടപടിയെടുത്തു.