എക്സൈസ് കസ്റ്റഡി മരണം: ഡ്യൂട്ടിയിലുണ്ടായിരുന്ന 2 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0

പാലക്കാട്: എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് എക്സൈസ് ജീവനക്കാർക്കെതിരെ നടപടി. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പേരെയാണ് സസ്പെൻഡ് ചെയ്തത്. അതേസമയം, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.

പാലക്കാട്‌ എക്സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലക്കാട് എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് ഷോജോയുടെ കാടാങ്കോട്ടുള്ള വീട്ടിലെത്തിയത്. പരിശോധനയ്ക്കൊടുവിൽ വീട്ടിൽ നിന്ന് 2 കിലോ ഹാഷിഷ് ഓയിൽ കണ്ടെടുത്തു. പിന്നാലെ കസ്റ്റഡിയിലെടുത്ത ഷോ ജോയെ ആദ്യം എക്സൈസ് ഓഫീസിലേക്കും പിന്നീട് റേഞ്ച് ഓഫീസിലേക്കും കൊണ്ടുപോയി. രാവിലെ 7 മണിയോടെയാണ് ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ഷോജോയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇത് പരിശോധിക്കും. സംഭവത്തില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിലാണ് ഷോജോയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ചില്ലറ വില്പനയ്ക്കായി വിശാഖപട്ടണത്ത് നിന്നും എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *