തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണമില്ലെന്ന്: മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ആദായ നികുതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പിന് ചെലവഴിക്കാൻ പണമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇത് മോദി സർക്കാരിന്‍റെ പ്രതികാര നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ പണമാണ് പാർട്ടി അക്കൗണ്ടുകളിലുള്ളത്. ഇതാണ് കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുന്നത്. അതേസമയം ഇലക്‌ടറൽ ബോണ്ടിനെക്കുറിച്ച് വെളിപ്പെടുത്താൻ ബിജെപി തയാറല്ലെന്നും അതവരുടെ കള്ളത്തരം പുറത്ത് വരുന്നതുകൊണ്ടാണെന്നും ഖാർഗെ വിമർശിച്ചു. മോഷണവും തെറ്റായ കാര്യങ്ങളും പുറത്ത് വരുമെന്നത് കൊണ്ടാണ് സമയം നീട്ടിച്ചോദിച്ചതെന്നും ഖാർഗെ ആരോപിച്ചു.
അഞ്ചുകൊല്ലം മുമ്പ് ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. 210 കോടി രൂപ പിഴയും ചുമത്തിയിരുന്നു. കോൺഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും അംഗത്വത്തിലൂടെയും സമാഹരിച്ച തുകയായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്.
2018-19 സാമ്പത്തിക വർഷത്തെ നികുതി കോൺഗ്രസ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പാർട്ടി മാർച്ച് എട്ടിന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടർന്നാണ് 210 കോടി രൂപ പിഴയായി അടയ്ക്കാൻ ആവശ്യപ്പെട്ടത്.