പദ്മിനി തോമസും ബി ജെ പിയിലേക്ക്
തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിൽ ചേരുന്നു. ഇന്ന് പദ്മിനി തോമസ് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ് മുൻ കായിക താരം കൂടിയാണ് പദ്മിനി. സ്പോര്‍ട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പദ്മിനി തോമസിന് പാര്‍ട്ടിയിൽ നിന്ന് മറ്റ് പരിഗണനകളൊന്നും കിട്ടാത്തതിന് പാര്‍ട്ടി വിടാൻ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പാര്‍ട്ടി വിടാനുള്ള കാരണം വ്യക്തമാക്കുമെന്നാണ് അവര്‍ പറഞ്ഞത്.
തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം അറിയിച്ചത്. രാവിലെ 11 മണിക്ക് വിളിച്ചിരിക്കുന്ന വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരും. എന്നാല്‍ ആരൊക്കെയാണ് ബിജെപിയിലേക്ക് ചേരുന്നതെന്ന വിവരം ബിജെപി സസ്പെന്‍സാക്കി വച്ചിരിക്കുകയാണ്.
പോകുന്ന നേതാക്കളാരൊക്കെയെന്ന് അറിയാൻ കോൺഗ്രസ് നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ തങ്ങളുടെ പാർട്ടിയിൽ എത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം വെളിപ്പെടുത്തിയത്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേര്‍ന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കെയാണ് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത്. പുതുതായി പാര്‍ട്ടിയിൽ ചേരുന്ന നേതാക്കൾ പ്രമുഖരാവുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.