മൊയ്തീൻ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നു
മലപ്പുറം: പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് മരണകാരണം വ്യക്തമായിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ മൊയ്തീൻ കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
മൊയ്തീൻ കുട്ടിയുടെ ശരീരത്തിൽ മറ്റ് പരുക്കുകളൊന്നുമില്ലെന്നും മർദ്ദനമേറ്റതിന്‍റെ പാടുകൾ കാണുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മൊയ്തീൻ കുട്ടി മരിച്ചത്. പന്തല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് മൊയ്തീൻ കുട്ടി അടക്കം ഏഴ് പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.