സിനിമ റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മാത്രം റിവ്യു
കൊച്ചി: സിനിമ റിവ്യു ചെയ്യുന്ന വ്ലോഗർമാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്നു. സിനിമ പുറത്തിറങ്ങി 48 മണിക്കൂറിന് ശേഷം റിവ്യൂ മതിയെന്ന് അമിക്കസ്ക്യൂറിയുടെ ശിപാർശ. പത്ത് നിർദേശങ്ങളാണ് അമിക്കസ് ക്യൂറിയായ അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സിനിമയുടെ കഥ മുഴുവൻ പറയുന്ന തരത്തിലുള്ള റിവ്യു ഒഴിവാക്കുക,
സിനിമയുടെ അണിയറപ്രവർത്തകരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കുക, ക്രിയാത്മകമായ വിമർശനങ്ങൾ ആകാമെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറപ്പെടുവിക്കണമെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്.
ചില സിനിമകളെ മനപൂർവം നെഗറ്റീവ് റിവ്യു നൽകി തകർക്കുന്നു, വ്യക്തിഹത്യ ചെയ്യുന്നു തുടങ്ങിയ ആരോപണമുയർത്തി ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഹ്മാൻ നൽകിയ ഹർജിക്ക് പിന്നാലെയാണ് വിഷയത്തെ കുറിച്ച് പഠിക്കാനും റിപ്പോർട്ട് നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.