മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ജോൺ കൂരൃന്റെ “പനയമ്പാല” പ്രകാശനം ചെയ്തു

0

 

കോട്ടയം: മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവലായി വിശേഷിപ്പിക്കാവുന്ന സാഹിതൃകാരൻ ജോൺ കുരൃന്റെ നോവൽ “പനയമ്പാല” പ്രകാശനം ചെയ്തു. ​വിലാസിനിയുടെ ‘അവകാശികൾ’ക്ക് ശേഷം ഒരു നോവലിസ്റ്റിന്റെ ഏറ്റവും ബൃഹത്തായ നോവലാണിത്. 1250 പേജുള്ള നോവൽ മൂന്ന് വർഷം കൊണ്ടാണ് എഴുതി പൂർത്തീകരിച്ചത്.തകഴിയുടെ ‘കയറി’നേക്കാൾ പേജുകളുണ്ട് ഈ നോവലിന്. ആമസോൺ കെന്റിൽ എഡിഷനിൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും വലിയ നോവലാണിത്. മൂന്ന് ഭാഗങ്ങളിലായി ഇംഗ്ളീഷിൽ ഓൺലൈനായും ഈ നോവൽ പ്രസിദ്ധീകരിച്ചു.ആറുമാസം കൊണ്ട് റേറ്റിംഗിൽ ഫൈവ് സ്റ്റാർ നേടാനും പനയമ്പാലക്ക് കഴിഞ്ഞുവെന്നത് മലയാള സാഹിതൃത്തിലെ പുതിയ ചരിത്രമാണ്. കറുകച്ചാല്‍ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘവും ചേര്‍ന്ന് നോവല്‍ പ്രകാശനം നടത്തി. പു.ക.സ. ജില്ലാ സെക്രട്ടറി ആര്‍ പ്രസന്നന്‍ പ്രകാശനം ചെയ്ത പുസ്തകം ലൈബ്രറി പ്രസിഡന്‍റ്

കെ. പി. ബാലഗോപാലന്‍ നായര്‍ ഏറ്റുവാങ്ങി. ഗ്രന്ഥകര്‍ത്താവിനെ കൂടാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജിഷാ കിരണ്‍, അനില്‍ ശ്രായി, ഉണ്ണിക്കൃഷ്ണന്‍ പറമ്പത്ത്, ബേബി എല്ലോറ തുടങ്ങിയവര്‍ പങ്കെടുത്തു. കറുകച്ചാൽ
​കറുകച്ചാല്‍ പഞ്ചായത്തിന്‍റെ തെക്കു കിഴക്കേ മൂലയാണ് പനയമ്പാല, കോട്ടയം ജില്ലയുടെ തെക്കു കിഴക്കേ അതിര്‍ത്തി. അപ്പുറം പത്തനംതിട്ട ജില്ലയാണ് ആനിക്കാട് ഗ്രാമം. ഈ പ്രദേശങ്ങളൊക്കെ ശബരിമല വനപ്രദേശമായിരുന്നു. കൊങ്കൺ തീരത്തു നിന്നു പാലായനം ചെയ്യപ്പെട്ട ബ്രാഹ്മണര്‍ ക്രിസ്തുമതം സ്വീകരിച്ച് തെക്കോട്ടേക്ക് കുടിയേറ്റം ആരംഭിച്ചപ്പോള്‍ അങ്കമാലി ആലുവ ഭാഗങ്ങളില്‍ തമ്പടിച്ച ചില കൂട്ടങ്ങള്‍ കോട്ടയം ചങ്ങനാശ്ശേരി ഭാഗങ്ങളിലേക്ക് വ്യാപിച്ച് കൂട്ടുകൂടി. നല്ല കൃഷിക്കാരായിരുന്ന ഇവര്‍ കുട്ടനാട്ടിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിക്കൊണ്ടിരുന്നു. അക്കൂട്ടത്തില്‍ ചിലര്‍ കറുകച്ചാല്‍ ഭാഗത്തും കൂരകൂട്ടി. ക്രസ്തുസഭകളില്‍ തന്നെ വിവിധ സഭകള്‍ രൂപീകരിക്കപ്പെടുകയും അവകള്‍ തമ്മിലും യുദ്ധങ്ങള്‍ നടമാടിക്കൊണ്ടുമിരുന്ന കാലഘട്ടമായിരുന്നു അത്. പനയമ്പാല ഭാഗത്തേക്ക് ചേക്കേറിയ കൂട്ടര്‍ കത്തോലിക്കാ സഭയുടെ വിശ്വാസികളായിരുന്നു. കുഴിമണ്ണി ഇല്ലക്കാരായിരുന്ന കുര്യന്‍ കുര്യനും ഔസേഫും കൊല്ലംപറമ്പിലാണ് വീട് വെച്ചത്. കുര്യന്‍ കുര്യന്‍റെ മകന്‍ – കുറിയാക്കോസിന്‍റെ മകന്‍ – യോഹന്നാന്‍ കുര്യന്‍റെ അതിജീവനത്തിനന്റെ കഥയാണ് ജോണ്‍ കുര്യന്‍ എന്ന എഴുത്തുകാരന്‍ മൂന്നു ഭാഗങ്ങളുള്ള ബ്രുഹത്തായ നോവലിലൂടെ വരച്ച് കാണിച്ചിരിക്കുന്നത് .

 

ഗ്രാമത്തെക്കുറിച്ചും അവിടെ താമസിച്ചിരുന്ന ആള്‍ക്കാരെക്കുറിച്ചും അവരുടെ വിശ്വാസങ്ങളെ കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ സത്യമുണ്ട് മിഥ്യയുമുണ്ട്. രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത വിധത്തിലാണ് നെയ്തെടുത്തിരിക്കുന്നത്. മണ്ണിനോടും പെണ്ണിനോടും പണത്തോടും മാംസാഹാരത്തോ ടുമുള്ള അവന്‍റെ താല്പര്യം ശ്രദ്ധേയമായിരുന്നു. അതിനുവേണ്ടി അവന്‍ വഴക്കടിച്ചു. കൊലപാതകം വരെ ചെയ്തു. ദൈവകല്പനകള്‍ ലംഘിക്കുന്നില്ലെന്ന് അവന്‍ ഉറപ്പു വരുത്തി. എങ്കിലും അവന്‍റെ കൈ സഹോദരന്‍റെ ചോറ്റുപാത്രത്തില്‍ തന്നെയായിരുന്നു.
​എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും. അവനു മരണമില്ല. അവന്‍ നിത്യവും ജീവിക്കും. എന്ന പല്ലവി അവന്‍ ദിവസവും കേട്ടുകൊണ്ടേയിരുന്നു. ദിവസവും അവന്‍ വിശുദ്ധകുര്‍ബ്ബാന കൈക്കൊണ്ടു – മരിക്കാതിരിക്കാന്‍. അവന് മരണം ഇല്ലാ എന്ന് അവന്‍ വിശ്വസിച്ചു. അയല്‍ക്കാരും സുഹൃത്തുക്കളും ഒക്കെ മരിച്ചപ്പോഴും അവന്‍ മരിക്കില്ല എന്ന് വിശ്വസിച്ചു. കുര്‍ബ്ബാന ആയിരുന്നു അവന്‍റെ ബലം. അവന്‍ കൈവശം വച്ച് അനുഭവിച്ച ഭൂമിയും മുതലും അവന്‍ മക്കള്‍ക്കായി വീതം വെച്ചു കൊടുത്തില്ല. കാരണം അവനു മരണമില്ല. അവന് നിത്യതയുണ്ട്.

മാതാപിതാക്കള്‍ ഒത്തു ചത്തുകിട്ടാന്‍ മക്കള്‍ കാത്തുനിന്നു. പിറുപിറുത്തു. തെറി വിളിച്ചു. യോഹന്നാച്ചന്‍റെ കുടുംബത്തിലെ വൃദ്ധ മനുഷ്യര്‍പോലും മക്കള്‍ക്കായി സമ്പത്ത് വീതം വെച്ചു കൊടുത്തില്ല. കൊടുത്താന്‍ പിന്നെ മക്കള്‍ തിരിഞ്ഞു നോക്കുകയില്ലെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. കാലം കാത്തുനിന്നില്ല. അവന്‍ വൃദ്ധരെ സമയതീരത്തിനും അപ്പുറം കടത്തിവിട്ടു. മക്കള്‍ക്ക് വീതം വെച്ചുകൊടുക്കാന്‍ പോലും മാതാപിതാക്കള്‍ക്ക് സമയം കിട്ടിയില്ല. ​അക്ഷമരായി കാത്തുനിന്ന മക്കള്‍ ആര്‍ത്തിയോടെ സ്വത്തില്‍ കൈവെച്ചു കടിപിടിയായി. അടിപിടിയായി. ആണും പെണ്ണും എല്ലാം കുളത്തിലിറങ്ങി. നാട്ടുകാര്‍ ഇടപെട്ടു, പോലീസ് ഇടപെട്ടു, കോടതി ഇടപെട്ടു. കറുത്ത കോട്ടും ഇട്ട് വക്കീലന്മാര്‍ വീടുകളില്‍ കയറിയിറങ്ങി പണം പിടുങ്ങി. കേസ് തീര്‍പ്പാകാന്‍ വര്‍ഷങ്ങളോളം എടുക്കും. അതായത് ഈ ഭൂമി ഉപയോഗിക്കാന്‍ ഈ തലമുറയ്ക്കോ അടുത്ത തലമുറയ്ക്കോ സാധിക്കാതെ വരും എന്നര്‍ത്ഥം. മക്കള്‍ പൂര്‍വ്വികരെ ശപിച്ചു. നിരാശരായ അവർ വൈദികരെയും വിശ്വാസങ്ങളെയും എതിർത്തു.

ഒട്ടുമുക്കാല്‍ കത്തോലിക്കാ കുടുംബങ്ങളിലും വസ്തു തര്‍ക്കങ്ങളും ധനം കൊടുക്കല്‍ വാങ്ങലിന്‍റെയും പേരില്‍ വഴക്കും വക്കാണവും പതിവാണ്. അവനവന്‍റെ പാത്രത്തിലുള്ളതിനേക്കാള്‍ താല്പര്യം അന്യന്‍റെ പാത്രത്തില്‍ കയ്യിട്ടുവാരുന്നതായിരുന്നു.
​യോഹന്നാന്‍ കുര്യന്‍റെ കുടുംബത്തിലും ഇത് ഒരു മാറാശാപമായി പിന്‍തുടര്‍ന്നുകൊണ്ടിരുന്നു. യോഹന്നാന്‍ കുര്യനും ഇത്തരം ചതിക്കുഴിയില്‍ അകപ്പെട്ടുപോയിരുന്നു. ഇക്കഥകളൊക്കെ ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
​മദ്ധ്യതിരുവിതാംകൂര്‍ ക്രസ്ത്യാനികളുടെ കഥ ആദ്യം പറഞ്ഞത് പാറപ്പുറം എന്ന കഥാകൃത്താണ്. അരനാഴിക നേരം എന്ന നോവലിലെ കുഞ്ഞോനാച്ചനിലൂടെയാണ്. കാക്കനാടന്‍ ഏഴാം മുദ്ര എന്ന നോവലിലൂടെ പറഞ്ഞതും മദ്ധ്യതിരുവിതാംകൂര്‍ ക്രിസ്ത്യാനികളുടെ കഥയാണ്. കാനം ഇ ജെ യും പൊന്‍കുന്നം വര്‍ക്കിയും മുട്ടത്തുവര്‍ക്കിയും സക്കറിയയും എല്ലാം മദ്ധ്യതിരുവിതാംകൂര്‍ ക്രസ്ത്യാനികളുടെ കഥയാണ് പറഞ്ഞത്.അയ്മനത്തിന്റെ കഥാകാരി അരുദ്ധതി റോയും ക്രിസ്ത്യാനികളുടെ കഥയാണ് പറഞ്ഞത്. ഇന്നിതാ ജോണ്‍ കുര്യനും മദ്ധ്യതിരുവിതാംകൂര്‍ ക്രസ്ത്യാനികളുടെ കഥയും കാലഘട്ടവുമാണ് പനയമ്പാലയിലൂടെ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *