വവ്വാലുകളില്‍ നിപ സാന്നിധ്യമുണ്ട്: നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം: വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗവേഷകർ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബർ മാസങ്ങളിൽ നിപബാധിതമേഖലകളിൽനിന്ന് ശേഖരിച്ച വവ്വാൽ സ്രവങ്ങളുടെ പരിശോധനാഫലങ്ങളിലാണ് വൈറസ് സാന്നിധ്യം വ്യക്തമായത്. ഇതു സംബന്ധിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഫ്രണ്ടിയര്‍ ഇന്റര്‍നാഷനല്‍ മാഗസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മാര്‍ച്ച് 5നാണ് മാഗസിന്‍ പുറത്തിറങ്ങിയത്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിലെ പഴം തീനി വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം. 272 വവ്വാലുകളുടെ സ്രവങ്ങൾ പരിശോധനയ്‌ക്ക് വിധേയമാക്കിയതിൽ 20.9 ശതമാനത്തിൽ നിപ വൈറസ് ആന്റിബോഡി സാന്നിധ്യമുണ്ടായിരുന്നു. 44 വവ്വാലുകളുടെ കരളിൽനിന്നും പ്ലീഹയിൽനിന്നും ശേഖരിച്ച സാംപിളുകളിൽ നാലെണ്ണത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തി.