കേരളത്തിന് ആശ്വാസം: പ്രത്യേക രക്ഷാ പാക്കേജ് അനുവദിക്കാന്‍ നിർദേശിച്ച് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. കേരളത്തിന് പ്രത്യേക രക്ഷാപാക്കേജ് നൽകന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചു കൂടേയെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ കേരളം ചോദിച്ചത് ബെയ്ല്‍ ഔട്ട് ആണെന്നും, ഇത് അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.

പ്രത്യേക സാഹചര്യത്തിൽ ഇളവുനൽകുന്നതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ഇപ്പോൾ നൽകുന്ന തുക അടുത്ത വർഷത്തെ സംഖ്യയിൽ ഉൾപ്പെടുത്താമെന്നും കോടതി നിർദേശിച്ചു. ഏപ്രില്‍ ഒന്നിന് 5000 കോടി അനുവദിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കഴിവതും ഒറ്റത്തവണ പാക്കേജായി പരി​ഗണിക്കണമെന്നും തീരുമാനം ബുധനാഴ്ച രാവിലെ 10.30നു മുമ്പായി അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി കേരളത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 19,531 കോടി ചോദിച്ചപ്പോല്‍ നല്‍കാനാവില്ലെന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും കേരളം ചൂണ്ടിക്കാട്ടി. എന്നാൽ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന്‍ അറിയിച്ചു. പരമാവധി ചെയ്തിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച 13,608 കോടി രൂപ റിലീസ് ചെയ്യുന്നതിന്റെ ഘട്ടത്തിലാണെന്നും കേന്ദ്രം അറിയിച്ചു. ഈ സമയത്താണ് കുറച്ചുകൂടി വിശാലമായി ഈ വിഷയത്തെ കണ്ടുകൂടേയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *