കെ റൈസ് വിതരണോദ്ഘാടനം മുഖ്യമന്ത്രി ബുധനാഴ്ച നടത്തും
തിരുവനന്തപുരം: ശബരി കെ റൈസ് ബ്രാന്‍ഡില്‍ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് മാര്‍ച്ച് 13ന് നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആര് അനില്‍ അദ്ധ്യക്ഷനായിരിക്കും.
ശബരി കെ ബ്രാന്‍ഡില്‍ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക. തിരുവനന്തപുരം മേഖലയില്‍ ജയ അരിയും, കോട്ടയം – എറണാകുളം മേഖലകളില്‍ മട്ട അരിയും, കോഴിക്കോട് മേഖലയില്‍ കുറുവ അരിയും ആണ് വിതരണം ചെയ്യുക.
സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉത്പന്നങ്ങളുടെയും പ്രൊമോഷന്റെ ഭാഗമായിട്ടാണ് ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിൽ നൽകുന്നത്. റേഷൻകടകളിലെ അരിയാണ് ഭാരത് അരിയായി നൽകുന്നത്. ഭാരത് അരി വില്പനയിലൂടെ കിലോയ്ക്ക് 10.41 രൂപയുടെ ലാഭമാണ് വിതരണക്കാരായ എൻ.എ.എഫ്.ഇ.ഡി, എൻ.സി.സി.എഫ് സ്ഥാപനങ്ങൾ നേടുന്നത്.
ശബരി കെ റൈസിന്റെ ആദ്യ വില്‍പ്പന പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന്, എംഎല്‍എമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രന്, വി കെ പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, കോര്പ്പറേഷന് ടാക്സ് അപ്പീല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പാളയം രാജന് എന്നിവര്‍ പങ്കെടുക്കും സപ്ലൈകോ ജനറല്‍ മാനേജര്‍ സൂരജ് ഷാജി, തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ ജലജ ജി എസ് റാണി എന്നിവര്‍ സന്നിഹിതരായിരിക്കും.