ബി ജെ പി യുടെ പ്രലോഭനങ്ങളിൽ പോകില്ലന്ന് ഉറപ്പുള്ളത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ മാത്രം : ജോസ് കെ മാണി
കോട്ടയം : ബി ജെ പി യുടെ പ്രലോഭനങ്ങളിൽ പോകില്ലെന്ന് ഉറപ്പുള്ളത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ മാത്രമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. പാർലമെൻറ് തിരഞ്ഞെടുപ്പിൽ കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചരണാർത്ഥം ശാസ്ത്രി റോഡിൽ പ്രവർത്തനം ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ തുക്ക് സഭ ഉണ്ടായാൽ എം പിമാരെ വിലയ്ക്ക് വാങ്ങാൻ ബിജെ പി ഇറങ്ങും. അങ്ങനെ പോകില്ല എന്ന് ഉറപ്പുള്ളത് ഇടത് എം പിമാരെ മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ശാസ്ത്രി റോഡിൽ സി എസ് ഐ കോംപ്ലക്സ് ഗ്രൗണ്ടിലാണ് ഓഫീസ് പ്രവർത്തിക്കുന്നത് .കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിലും തോമസ് ചാഴികാടന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഇതേ സ്ഥലത്താണ് പ്രവർത്തിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കെ ടി യു സി (എം) സംസ്ഥാന പ്രസിഡന്റുമായ ജോസ് പുത്തൻകാലയുടെ നേതൃത്വത്തിലാവും ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനങ്ങൾ. ഇലക്ഷൻ കമ്മിറ്റി പ്രസിഡൻറ് കെ അനിൽകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എ.വി റസ്സൽ, ലോപ്പസ് മാത്യു,വി ബി ബിനു,ബെന്നി മൈലാടൂർ എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.