കേരള സർവകലാശാല കലോത്സവം നിർത്തിവെക്കും; നിർദേശം നൽകി വിസി
തിരുവനന്തപുരം: വ്യാപക പരാതി ഉയർന്നതോടെ കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാൻ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിൻ്റെ നിർദേശം. ഇനി മത്സരങ്ങളൊന്നും നടത്തേണ്ടെന്നും തടഞ്ഞുവെച്ചിരിക്കുന്ന മത്സരഫലങ്ങളൊന്നും പ്രഖ്യാപിക്കേണ്ടെന്നും വിസി നിർദേശം നൽകി.
കലോത്സവത്തിലെ മത്സരഫലവുമായി ബന്ധപ്പെട്ടു വിവാദങ്ങളും ആരോപണങ്ങളും ഉയർന്നതോടെയാണ് കലോത്സവം നിർത്തിവെക്കാൻ വിസിയുടെ നിർദേശമുണ്ടായത്. അഞ്ചു ദിവസം നീണ്ടുനിന്ന കലോത്സവം ഇന്ന് സമാപിക്കാനിരിക്കെയാണ് നിർദേശം. സമാപനം സമ്മേളനം ഉണ്ടാകില്ല. കലോത്സവം നിർത്തിവെച്ച നടപടിയെ കെഎസ്‍യു അംഗീകരിച്ചു.
വിവാദങ്ങളോടെയായിരുന്നു കേരള സർവകലാശാല കലോത്സവത്തിൻ്റെ തുടക്കം. ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് മൂന്നു വിധികർത്താക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെ എസ്എഫ്ഐ പ്രവർത്തകരിൽനിന്ന് മർദനമേറ്റുവെന്ന ആരോപണവുമായി കെഎസ്‍യു പ്രവർത്തകർ രംഗത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തിനെ തുടർന്ന് സംഭവത്തിൽ 16 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രതിഷേധിച്ച 19 കെഎസ്‍യു പ്രവർത്തകർക്കെതിരെയും കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞുപിടിച്ചു മർദിക്കുന്നുവെന്നായിരുന്നു കെഎസ്‍യുവിന്റെ ആരോപണം.
കലോത്സവത്തിന്റെ അവസാന ദിനമായ ഇന്നും വിദ്യാർഥികളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടായി. ഒപ്പന മത്സരത്തിൻ്റെ വിധിനിർണയത്തിൽ അപാകതയുണ്ടായെന്ന് ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. നേരത്തെ, തിരുവാതിര, മാർഗം കളി മത്സരങ്ങൾക്കെതിരെയും വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. ഇതിനിടെ, തങ്ങളുടെ വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി മാർ ഇവാനിയോസ് കോളേജ് അധികൃതർ ചാൻസലറായ ഗവർണർക്ക് പരാതി നൽകിയിരുന്നു.